Tuesday, 13 August 2019

വി. ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ ഗാനങ്ങള്‍ / സഭാകവി സി. പി. ചാണ്ടി

ആഹ്വാനം

സ്നേഹസമേതം - വിശ്വാസത്തോടെ - വന്നുവിവേകികളേ,
ശുഭമതികന്യകമറിയാമിന്‍ - പെരുനാളിനെ ബഹുമാനിപ്പിന്‍.
സ്തുതിജാഗരണം നോമ്പിവയാ-ലവളെ മാനിച്ചീടുന്നോ-
രാര്‍ജ്ജിക്കും-പ്രതിഫലമതുഭാഗ്യം.

പ്രാര്‍ത്ഥന

ബേതലഹേമില്‍ - കല്ലിന്‍ഗുഹതന്നില്‍ - ലോകത്തിന്‍പതിയെ
പെറ്റവളേ വിളഗുണനിലമേ - ശാശ്വതകന്യേ, ഭാഗ്യവതീ,
ഉടലോടംബരമാര്‍ന്നവളേ - എന്‍മാതാവേ, മറിയാമേ,
ഓര്‍ക്കണമേ - ഞങ്ങളെയെന്നാളും.

(നാഥന്‍ മൃതരിടയിലുറപ്പിച്ചാദത്തെ-എന്ന രീതിയില്‍)

ശ്ലോ-മ്മോ മറിയാമേ, സല്‍കൃപനിറയുന്നോളേ,
കര്‍ത്തന്‍നിന്നൊടുകൂടെ സ്ത്രീകളില്‍നീ-ഭാഗ്യവതി;
നിന്നുദരത്തിന്‍ ഫലമാം മോറാനേശു-
മശിഹായും ധന്യന്‍: കന്യകമറിയാം-പരിശുദ്ധേ,
ദൈവത്തിന്‍-മാതാ, പാപികളാം
ഞങ്ങള്‍ക്കാ-യ് യാചിച്ചീടണമെ
ഇപ്പൊഴുമെപ്പോഴും മരണത്തിലുമാ-മ്മീനാമ്മീന്‍.

1. ഭാഗ്യവതിയായ മറിയാം

(വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു - എന്ന രീതിയില്‍)

മറിയാമേ, നീ ഭാഗ്യവതി ഭാമിനിമാരില്‍
അത്യുന്നതന്‍ താണുവന്നു വാണല്ലോ നിന്നില്‍
മറിയാമേ, നീ ഭാഗ്യവതി ഭാമിനിമാരില്‍
ദൈവപുത്രന്‍ നിന്നില്‍നിന്നിങ്ങവതരിച്ചല്ലൊ
മറിയാമേ, നീ ഭാഗ്യവതി ഭാമിനിമാരില്‍
ശിശുവാം നിന്നെ സര്‍വ്വശക്തന്‍ സ്വീകരിച്ചല്ലൊ.
ദൈവത്തിന്‍റെ വൈദികന്മാരാദരവോടെ
കാഴ്ചയപ്പം നല്‍കി നിന്നെ പള്ളിയില്‍ പോറ്റി
കാന്തി ചിന്തും നിര്‍മ്മലമാം മാണിക്യക്കല്ലേ
ദിവ്യദൂതനവതാരത്തിന്‍ സന്ദേശം നല്‍കി.
നിന്‍ വ്രതത്താല്‍ സര്‍വ്വശക്തന്‍ പുത്രനെ വിട്ടു
മണ്‍മയനാമാദാമിനെയുദ്ധരിച്ചീടാന്‍.
അത്യുന്നതന്‍ താണു വന്നു വാണല്ലോ നിന്നില്‍
ദൈവപുത്രന്‍ നിന്നില്‍നിന്നിങ്ങവതരിച്ചല്ലോ.
മറിയാമേ, നീ ഭാഗ്യവതി ഭാമിനിമാരില്‍
കര്‍ത്തന്‍തന്നെ പെറ്റവളാം കന്യകേ, ഭാഗ്യം.
നിന്‍ സ്മരണ നിന്‍ തനയന്‍ ഭൂവിലും മേലും
സ്വീകരിച്ചു നിന്‍ പ്രാര്‍ത്ഥന കേട്ടിടും നൂനം
ഇക്ഷിതി തന്‍ രക്ഷകനെ പെറ്റ മാതാവേ,
മക്കളെയോര്‍ത്തെപ്പൊഴും നീ പ്രാര്‍ത്ഥിച്ചീടേണം.

2. ഒരു ജപഗീതം


സുവിശേഷങ്ങളില്‍ കാണുന്ന അത്ഭുതങ്ങള്‍ മുപ്പത്തിമൂന്നും പ്രവര്‍ത്തിച്ച യേശുമ്ശിഹായുടെ  ഭാഗ്യവതിയായ മാതാവിനോടുള്ള ഒരു ജപഗീതം*)
(മാനവര്‍ വാനോന്‍ എന്ന രീതിയില്‍*)

ഗബറിയേലിന്‍ ദൗത്യത്താല്‍-ദൈവേഷ്ടത്തിന്നടി കൂപ്പി
മശിഹായെ പ്രസവിച്ചോളാം-മാതാവേ, നീയേ ധന്യ.
മാതാവേ നിന്നഭയത്തില്‍
ഞങ്ങളണയ്ക്കും പ്രാര്‍ത്ഥനയും
നോമ്പും നേര്‍ച്ചയുമേറ്റിടുവാന്‍
നിന്മകനോടായ് പ്രാര്‍ത്ഥിക്ക
കാനാവില്‍ കല്യാണത്തില്‍-സാധാരണമാം സലിലത്തെ
തനിവീഞ്ഞാക്കിത്തീര്‍ത്തോന്‍ തന്‍-മാതാവേ, നീയേ ധന്യ.
പോവുക തനയന്‍ ജീവിപ്പു-നൃപകിങ്കരനോടിദമരുളീ
സ്വസ്ഥത നല്‍കിയ ദൈവത്തിന്‍-മാതാവേ നീയേ ധന്യ.
വലയാഴത്തില്‍ വീശുവിനെ-ന്നാശിഷ്യന്മാരോടോതി
മീന്‍പരമേകിയ ദൈവത്തിന്‍-മാതാവേ, നീയേ ധന്യ.
ശിഷ്യ സമൂഹം തിരയടിയാല്‍ -മുങ്ങി നശിക്കാറായപ്പോള്‍
ജലനിധിയെ ശാസിച്ചോന്‍ തന്‍-മാതാവേ, നീയേ ധന്യ
ഭൂതത്താല്‍ തന്‍ ലെഗിയോനെ-പന്നികളില്‍ പായിച്ചലിവാല്‍
പീഡിതനെ രക്ഷിച്ചോന്‍ തന്‍-മാതാവേ, നീയേ ധന്യ.
ബാലേ എഴുന്നേല്‍ക്കെന്നോതി-യായീറോസിന്‍ മൃതിഗതയാം
സുതയെ ജീവിപ്പിച്ചോന്‍ തന്‍-മാതാവേ, നീയേ ധന്യ.
തിരുവസനത്തിനഗ്രത്തില്‍-സ്പര്‍ശിച്ചോളാം രോഗിണിയെ
സ്വസ്ഥതയേകിയയച്ചോന്‍ തന്‍-മാതാവേ നീയേ ധന്യ.
വിശ്വാസം പോലാവട്ടെ-ന്നിരു കുരുടന്മാരോടോതി
ദര്‍ശനശക്തി കൊടുത്തോന്‍ തന്‍-മാതാവേ, നീയേ ധന്യ.
മകനേ, പാപം മോചിച്ചേ-നെന്നുരചെയ്താ സ്തംഭിതനെ
കനിവോടെഴുനേല്പിച്ചോന്‍തന്‍-മാതാവേ, നീയേ ധന്യ.
കുഷ്ഠമഹാരോഗാകുലനെ-തൃക്കയ്യാല്‍തൊട്ടാര്‍ദ്രതയാല്‍
നിര്‍മ്മലനാക്കിയ മശിഹാ തന്‍-മാതാവേ, നീയേ ധന്യ
അത്യുന്നത വിശ്വാസത്താല്‍-ദാസനുവാക്കാല്‍ സുഖമരുളി
ശതപതിയെ മാനിച്ചോന്‍ തന്‍-മാതാവേ നീയേ ധന്യ.
പോവുക മിണ്ടാതെന്നേവം-ഭൂതത്തെ ശാസിച്ചുഗ്രം
മര്‍ദ്ദിതനെ രക്ഷിച്ചോന്‍ തന്‍-മാതാവേ നീയേ ധന്യ.
ശീമോന്‍ പത്രോസിന്‍ ജനനി-ജ്വരബാധിതയായ് വീണപ്പോള്‍
ആധിയശേഷമൊഴിച്ചോന്‍ തന്‍-മാതാവേ നീയേ ധന്യ.
നയ്യിന്‍പുരിതന്‍ പെരുവഴിയില്‍ വിലപിച്ചോളാം വിധവയുടെ
സുതനെ ജീവിപ്പിച്ചോന്‍ തന്‍-മാതാവേ നീയേ ധന്യ.
തളര്‍വാതത്താല്‍ നെടുനാളായ്-ബതസയിദായില്‍പാര്‍ത്തോനെ
കല്പിച്ചെഴുനേല്പിച്ചോന്‍ തന്‍-മാതാവേ നീയേ ധന്യ.
തീബറിയോസിന്‍ തീരത്ത-ങ്ങയ്യായിരമാള്‍ക്കഞ്ചപ്പം
നല്‍കിത്തൃപ്തിയണച്ചോന്‍ തന്‍-മാതാവേ നീയേ ധന്യ.
ജലകോപത്താല്‍ കേണവരാം-ശിഷ്യന്മാരെ രക്ഷിപ്പാന്‍
വാരിധിമേല്‍ നടകൊണ്ടോന്‍ തന്‍-മാതാവേ നീയേ ധന്യ.
പിറവിക്കുരുടന്നിരുനയനം-പരിചൊടുസൃഷ്ടിച്ചന്ധതയെ
വിരവിലൊഴിച്ചൊരു ദൈവത്തിന്‍-മാതാവേ നീയേ ധന്യ.
നീട്ടുക നിന്‍ കയ്യെന്നേവം-കൈശോഷിച്ചോനോടരുളി
വികലത നീക്കിയ കര്‍ത്താവിന്‍-മാതാവേ നീയേ ധന്യ.
പതിനെട്ടാണ്ടായ് കൂനിലമ-ര്‍ന്നതിദുഃഖിതയായ്ത്തീര്‍ന്നവളെ
ശാബതിലാശു നിവിര്‍ത്തോന്‍ തന്‍-മാതാവേ നീയേ ധന്യ.
പ്രീശപ്രഭുതന്‍ വീടതില്‍വ-ച്ചുദരമഹാരോഗാതുരനെ
അവശതനീക്കിയയച്ചോന്‍ തന്‍-മാതാവേ നീയേ ധന്യ.
ഞങ്ങളോടലിവുണ്ടാകണമെ-ന്നലറിയ കുഷ്ഠാര്‍ത്തന്മാരെ
കോമളരാക്കിയ ദേവന്‍ തന്‍-മാതാവേ നീയേ ധന്യ.
ഫൊയ്നിക്ക്യായില്‍ വനിതയുടെ-വിശ്വാസത്താല്‍ നന്ദനയെ
വിഷമതനീക്കിക്കാത്തോന്‍ തന്‍-മാതാവേ നീയേ ധന്യ.
ഉരിയാടാനും കേള്‍പ്പാനും-കഴിയാത്തോന്‍ തന്‍ കെട്ടുകളെ
തൊട്ടൊഴിവാക്കിയ ദൈവത്തിന്‍-മാതാവേ നീയേ ധന്യ.
തിരുവചനം നാള്‍ മൂന്നോളം-കേട്ടൊരു ജനതയ്ക്കേഴപ്പം
നല്‍കിത്തൃപ്തിയണച്ചോന്‍ തന്‍-മാതാവേ നീയേ ധന്യ.
ബെത്സയിദായില്‍ കുരുടന്മേല്‍-തൃപ്പാണിയണച്ചതികൃപയാല്‍
അന്ധതനീക്കിയ ദൈവത്തിന്‍-മാതാവേ നീയേ ധന്യ.
മൂകപിശാചിന്‍ ബാധയൊഴി-ച്ചോമനമകനേയുള്‍ക്കനിവാല്‍
താതനു നല്‍കിയ കര്‍ത്തന്‍ തന്‍-മാതാവേ നീയേ ധന്യ.
നികുതിപിരിക്കുന്നോര്‍ക്കേകാന്‍-അതിശയകരമായെസ്തീറാ
മീന്‍വായില്‍ കാണിച്ചോന്‍ തന്‍-മാതാവേ നീയേ ധന്യ.
മൃതനായ് നാള്‍ നാലായോനാം-പ്രിയ ലാസറിനെ കബറീന്നും
കൃപയോടെഴുനേല്പിച്ചോന്‍ തന്‍-മാതാവേ നീയേ ധന്യ.
ദാവീദുസുതാകൃപചെയ്കെന്നെറിഹോത്തെരുവില്‍ കേണോരെ
അന്ധതനീക്കിയയച്ചോന്‍ തന്‍-മാതാവേ നീയേ ധന്യ.
തളിരിലകണ്ടിട്ടരികേചെ-ന്നൊരുകനിയില്ലാഞ്ഞതുമൂലം
അത്തിമരത്തെ ശപിച്ചോന്‍ തന്‍-മാതാവേ നീയേ ധന്യ.
യാതനനിറയും നടുരാവില്‍-മര്‍ക്കോസിന്‍ കാതറ്റപ്പോള്‍
മുറികൂട്ടിയ കരുണാനിധി തന്‍-മാതാവേ നീയേ ധന്യ.
തിരുവചനത്താലൊരു വലയില്‍-നൂറൊടുമൂന്നോടമ്പതുമീന്‍
ശിഷ്യര്‍ക്കേകിയ മശിഹാതന്‍-മാതാവേ നീയേ ധന്യ.
വൈഷമ്യങ്ങള്‍ക്കേവമഹോ-വിസ്മയകരമാം പരിഹാരം
കാട്ടിടുവാന്‍ കഴിവുള്ളോന്‍ താന്‍-മാതാവേ നീയേ ധന്യ.

3. ദൈവമാതാവേ, നിത്യമര്‍ത്ഥിക്ക

(ദൈവത്തിനു സ്തോത്രം-എന്ന രീതി)

ആത്മനല്‍വരത്താല്‍ ലോകരക്ഷകനെ
പെറ്റ കന്നീ, നിന്‍റെ ഏകനാംപുത്രന്‍
ലോകരിലെന്നെന്നും നല്‍വരം വര്‍ഷിപ്പാന്‍
ദൈവമാതാവേ നീ നിത്യമര്‍ത്ഥിക്ക.
പാരും വാനും തിങ്ങും ദൈവം നിന്നിലെത്തി
പാവനശരീരം സ്വീകരിച്ചല്ലോ
ദൈവത്തെ നീ കയ്യില്‍ താലോലിച്ചു, തായേ
പുത്രനമ്പുണ്ടാകാന്‍ നിത്യമര്‍ത്ഥിക്ക.
ദൈവത്തെ ദര്‍ശിച്ച ഭാഗ്യവാനേശായ
പെറ്റിടും കന്നിയെന്നോതിനാന്‍മുന്നം
അമ്മാലുവേലെന്നോന്‍ സത്യദൈവമേ,
പുത്രനമ്പുണ്ടാകാന്‍ നിത്യമര്‍ത്ഥിക്ക.
ഉന്നതന്‍റെ തായേ, നിര്‍മ്മലയാം കന്നീ,
നിന്‍ പ്രാര്‍ത്ഥന നിത്യം കോട്ടയാകട്ടെ
കോളിളക്കംമൂലം പാരുലഞ്ഞീടുന്നു.
ഞങ്ങളെയോര്‍ത്തമ്മേ, നിത്യമര്‍ത്ഥിക്ക.
ഗോചരനല്ലാത്തോന്‍-ഗോചരനായിത്തീരാന്‍
തേരിനെകൈവിട്ടു-കന്നിയെപ്പൂകി
മാതാവേ നിന്നോര്‍മ്മ-വാഴ്വിന്നായ്ത്തീരട്ടെ
ഞങ്ങള്‍ക്കു കൃപയ്ക്കായ്-നിത്യമര്‍ത്ഥിക്ക.
കന്നിമറിയാമില്‍നിന്നവതരിച്ച
മന്നവനാമീശോ, ഉന്നതനാം പുത്രാ,
ഭാഗ്യവാനാം ദേവാ, സ്വര്‍ഗ്ഗരാജ്യനാഥാ,
മാതൃഭക്തരെ നീ കാത്തുരക്ഷിക്ക.

4. മറിയാമിന്‍മകനേ, കൃപചെയ്ക

(ഉടയോന്‍ നാഥാ-ഗിരിസീനാ-മട്ടില്‍)

ബേതലഹേമില്‍-കല്ലിന്‍ഗുഹതന്നില്‍-കാലത്തികവിങ്കല്‍
ശിശുവായ് ജാതം ചെയ്തോനെ-തിരുവിനയം വചനാതീതം
ഭുവനത്തെ പോഷിപ്പിക്കെ-സ്തന്യം പാനം ചെയ്തോനെ,
മറിയാമിന്‍-മകനേ, കൃപചെയ്ക.
നാല്പതു ദിവസം-പ്രാര്‍ത്ഥിച്ചതികഠിനം-നോമ്പേറ്റീടുകയാല്‍
ലോകം സാത്താന്‍ ജഡമിവയെ-വെന്നവനേ, മന്നവമശിഹാ,
ദാനം നോമ്പും പ്രാര്‍ത്ഥനയും-ഗൂഢം ചെയ്വാന്‍ ചൊന്നോനെ
മറിയാമിന്‍-മകനേ, കൃപചെയ്ക.
ചോദിച്ചീടുവിന്‍-നല്‍കിടുമാരായ്വിന്‍-കണ്ടെത്തും നിങ്ങള്‍
മുട്ടിന്‍ വാതില്‍ തുറന്നീടും-പാപികളനുതാപംപൂണ്ടാല്‍
വാനവരധികാനന്ദത്താല്‍-പാടിടുമെന്നുരചെയ്തോനേ,
മറിയാമിന്‍-മകനേ, കൃപചെയ്ക.
തന്‍മകനപ്പം-ചോദിച്ചാല്‍ കല്ലോ-മീനര്‍ത്ഥിച്ചെന്നാല്‍
പാമ്പിനെയോ നല്‍കീടുകയി-ല്ലീയുലകത്തില്‍ താതന്മാര്‍
സ്വര്‍ലോകപിതാവതിലധികം-നല്‍കിടുമെന്നുരചെയ്തോനേ,
മറിയാമിന്‍-മകനേ, കൃപചെയ്ക.
വാനില്‍പാറും-കിളികള്‍ക്കും മരുവില്‍-പാഴായ് വളരുന്ന
പനിനീര്‍ച്ചെടികള്‍ക്കും ദൈവം-തീനും തുകിലും നല്‍കുന്നു
ആകുലരാകാതുടയവനെ-നമ്പുവിനെന്നുരചെയ്തോനേ,
മറിയാമിന്‍-മകനേ, കൃപചെയ്ക.
കേള്‍പ്പിന്‍പ്രിയരെ-പുഴുവും മോഷ്ടാവും-കെടുതി വരുത്തുന്നോ
രിഹലോകത്തില്‍ നിധികള്‍ക്കാ-യരുതേ ലേശവുമാവേശം.
പരലോകാക്ഷയനിക്ഷേപം-തേടുവിനെന്നുരചെയ്തോനേ,
മറിയാമിന്‍-മകനേ, കൃപചെയ്ക
നിന്നുടെ വലമാം ചെകിടിലടിപ്പോനായ്-കാട്ടുകമറ്റേതും
മിത്രങ്ങളെയെന്നോണംനീ-ശത്രുക്കളെയും സ്നേഹിക്ക.
ദ്രോഹിക്കുന്ന ജനത്തിന്നായ്-പ്രാര്‍ത്ഥിക്കെന്നും ചൊന്നോനേ,
മറിയാമിന്‍-മകനെ കൃപചെയ്ക.
മാനവനേകന്‍-ലോകം പരിപൂര്‍ണ്ണം-സമ്പാദിച്ചാലും
വിലയേറിയതന്നാത്മത്തെ-കൈവെടിയുകിലെന്തുപകാരം?
ലോകമയന്മാരോടേവം-ധീരതയൊടു ചോദിച്ചോനെ,
മറിയാമിന്‍-മകനേ, കൃപചെയ്ക.
രാപകലില്ലാ-തദ്ധ്വാനിപ്പോരെ-ചുമടേന്തുന്നോരേ,
എന്‍കുരിശേന്തീട്ടെന്‍പിറകെ-വരുവിന്‍ താമസമരുതേതും.
അഖിലര്‍ക്കും ഞാനാശ്വാസം-നല്‍കാമെന്നുരചെയ്തോനേ,
മറിയാമിന്‍-മകനേ, കൃപചെയ്ക.
നീണാളേറ്റം പാപം ചെയ്തോളാം-പാപിനി മറിയയ്ക്കും
ചുങ്കക്കാരന്‍ സക്കായ്ക്കും-വലഭാഗത്തെ തസ്ക്കരനും
പാപവിമോചനമതിവേഗം-നല്‍കിയ കരുണാസാഗരമേ,
മറിയാമിന്‍-മകനേ, കൃപചെയ്ക.
യായീറോസിന്‍-മകളെയും നയനിന്‍-വിധവാസുതനെയും
ബഥനിയിലെ മാര്‍ത്താ മറിയാ-മിവര്‍തന്നേകസഹോദരനാം
പ്രിയലാസറിനേയും മൃതിയീ-ന്നുത്ഥാനം ചെയ്യിച്ചോനേ,
മറിയാമിന്‍-മകനേ, കൃപചെയ്ക.
മാനവനിവഹം-മേയിപ്പവനില്ലാ-തലയുന്നാടുകള്‍പോല്‍
ഉഴറിച്ചിതറിപ്പോയപ്പോള്‍-പച്ചപ്പുല്‍മാലികള്‍കാട്ടി
സ്വഛജലത്തിന്നരികത്തേ-ക്കവയെനടത്തിയ നല്ലയിടയാ,
മറിയാമിന്‍-മകനേ, കൃപചെയ്ക.
ഈ ലോകത്തിന്‍-ദിവ്യവെളിച്ചം ഞാ-നെന്‍പ്രിയരെനിങ്ങള്‍
ദീപികയെ പറയിന്‍കീഴില്‍-പൊലിയുംപടിവച്ചീടരുതേ
വെളിവരുളാനതു തണ്ടിന്മേല്‍-വയ്ക്കണമെന്നുരചെയ്തോനേ,
മറിയാമിന്‍-മകനേ, കൃപചെയ്ക.
ദുഷ്ടനൊടേല്‍പ്പാന്‍-യുദ്ധത്തില്‍വീര്യം-യോദ്ധാക്കള്‍ക്കേകി
പ്പോരില്‍ വിജയശ്രീയരുളി പൊന്‍മകുടം നല്‍കുന്നോനേ,
ലോകപരാക്രമിയാം മശിഹാ-രാജകുമാരാജയവീരാ,
മറിയാമിന്‍-മകനേ, കൃപചെയ്ക.
"കണ്ടാലും ഞാന്‍-കര്‍ത്താവിന്‍ ദാസി-തന്‍തിരുവിഷ്ടംപോ-
ലാവട്ടെ"ന്നുരചെയ്തതുതാ-നെന്‍മാതാവിന്‍ വന്‍മഹിമ;
ദൈവേഷ്ടം ചെയ്യുന്നോരെ-ന്നുറ്റവരെന്നുരചെയ്തോനേ,
മറിയാമിന്‍-മകനേ, കൃപചെയ്ക.
കുഴികുറുനരികള്‍ക്കുംകൂടുകള്‍കിളികള്‍ക്കുംപൊറുതിക്കുണ്ടെന്നാല്‍
മാനുഷപുത്രന്‍ തല ചായ്പ്പാ-ന്നിടമില്ലെന്നുരചെയ്തോനേ,
പുല്‍ക്കൂടുമുതല്‍ കുരിശോളം-യാതന നിരവധിയേറ്റോനേ,
മറിയാമിന്‍-മകനേ, കൃപചെയ്ക.
ക്രൂശില്‍ മൃതനായ് ജീവിച്ചെഴുന്നേറ്റു സ്വര്‍പ്പുരമാര്‍ന്നോനേ,
ഈലോകത്തിനു വിധി നല്‍കാന്‍-മാലാഖാമാരൊടുകൂടെ
സ്വപിതാവിന്‍മഹിമാവോട-ങ്ങവസാനദിനം വരുവോനേ,
മറിയാമിന്‍-മകനേ, കൃപചെയ്ക.
എന്‍താതന്‍തന്‍ വാഴ്വു ലഭിച്ചോരെ ലോകോല്‍പത്തി മുതല്‍
നിങ്ങള്‍ക്കായ് കാത്തരുളീടും-സ്വര്‍ഗ്ഗം വന്നവകാശിപ്പിന്‍.
സ്വപ്രിയരോടേവം വിധിനാള്‍ കല്പിക്കും മ്ശിഹാ നൃപനെ,
മറിയാമിന്‍-മകനേ, കൃപചെയ്ക.

5. രണ്ടാം വാനം

(കാഴ്ചയിതില്‍-എന്ന രീതി)

ദാവീദിന്‍ മകളേ, നിന്‍റെ-തിരുസുതനാംമിശിഹാവന്ദ്യന്‍
വിനയനിധീ, നാഥേ, സ്തോത്രം-ജനനീ നിന്‍ നാമംധന്യം.
മഹിമയെഴും നിബിയേശായാ, നന്തുനിയില്‍ പാടുകമോദാല്‍
നിന്‍മൊഴിപോലത്ഭുതകന്യ-പ്രസവിച്ചാളമ്മനുവേലെ
മറിയാമേ, മ്ശിഹാമൂലം-നീ രണ്ടാംവാനിടമായി
നിന്നിലുദിച്ചഭയംലോക-ര്‍ക്കവനരുളിക്കുരിശില്‍ തൂങ്ങി
ഏല്പിച്ചാനമ്മേ, നിന്നെ-വത്സലനാം യോഹന്നാനില്‍
ഈ നോമ്പില്‍ ശുഭമുളവാകാന്‍-ഞങ്ങള്‍ക്കായ് നേരില്‍നിങ്ങള്‍.
സ്തുതിമറിയാംപ്രസവിച്ചോരു-ദൈവത്തിന്‍വചനത്തിന്നായ്
നാഥാ, നിന്‍ജനനിയെയോര്‍ക്കും-ഞങ്ങള്‍ക്കായ്വരമരുളേണം.

6. സ്വര്‍ഗ്ഗീയസന്ദേശം

(മാനവര്‍ വാനോര്‍-എന്ന രീതി)

നാഥാ നിന്നെ പെറ്റോള്‍തന്‍ സ്മൃതിധൂപംപോല്‍ കൈക്കൊള്‍ക
നാഥാ ധരണിയിലും മേലും മാതാവിന്‍ സ്മൃതിയേറട്ടെ.
സൗഭാഗ്യവതീ നിന്‍ വദനം ദൈവമഹത്വം പാടുന്നു
മുഖവും നയനങ്ങളുമുള്ള ക്രൂബരഥത്തിന്നൊത്താള്‍ നീ.
താളും മഷിയും തൂലികയും ചേരാത്തൊരു മംഗളലിഖിതം
കൊണ്ടിഹ ചെന്നാല്‍ മറിയാമ്മിന്നരികെ ഗബറീയേല്‍ദൂതന്‍.
അഗ്നിമയന്‍തീജ്വാലകടന്നോതീ നസറേം കന്നിയൊടായ്
ധന്യേശ്ലോമ്മോനിന്‍ തനയന്‍നീക്കിടുമാദാമിന്‍ഖേദം.
മറിയമൊടോതി ഗബറീയേല്‍ കൃപനിറയുന്നോളേ ശാന്തി
നിന്നിലുദിക്കും ലോകപതി തന്‍ രാജ്യത്തിന്നില്ലന്തം.
പാവനകന്യേ, പരിശുദ്ധേ, രാജാധീശന്‍ തന്‍ മാതേ-
ഉടയോന്‍തന്‍ പെറ്റമ്മേ നിന്‍ സ്മരണവളര്‍ന്നീടട്ടെങ്ങും.
സുഭഗേ നിന്നെ മുന്‍നിര്‍ത്തി രാജാവാം ദാവീദോതി
അഴകില്‍ പ്രീതിയടഞ്ഞരചന്‍ രാജകുമാരിയില്‍ വാണെന്നായ്.
കന്നിയെയേറ്റോനാം ജനകാ, തിരുമെയ്പൂണ്ടോനാം, തനയാ
അവളിലിറങ്ങിവസിച്ചോനാം റൂഹായേ, സതതംസ്തോത്രം.

7. മാതൃഭജനം

(ഗാഥാരീതി)

കന്യമറിയാമേ, നിര്‍മ്മലമാതാവേ,
ഹേ ധന്യേ, നിന്നെ ഞാന്‍ വന്ദിക്കുന്നേന്‍.
പാവനലോകത്തില്‍ റാണിയായ് വാഴുന്ന
പാവനധാമമേ, സുന്ദരാംഗീ.
പാതകനാമീ ഞാന്‍ മാനസം വെന്തിതാ
മാതാവേ, നിന്‍ മുമ്പില്‍ കേണീടുന്നേന്‍.
ദീനനായ് മേവുന്നോരെന്നില്‍ സദാ നിന്‍റെ
ദാനത്തെ തന്നു പാലിക്കണമെ.
കേടാകുമീലോകേ യാടലെന്യേ ഞാനും
കൂടിമേവീടുവാനീടുനല്‍ക.
നിന്‍ മകനോടിരന്നെന്‍ മഹാപാപങ്ങള്‍
നന്മയായ് മോചിച്ചു രക്ഷിക്കുക.
അമ്മയോടല്ലാതെ എന്‍റെ ദുരിതങ്ങള്‍
ചെമ്മേ വേറാരോടു ചൊല്ലീടേണ്ടു?
അമ്മേടെ സ്നേഹം പോല്‍ മറ്റോരു സ്നേഹത്തെ
ഉണ്മയായ് ചൊല്ലുവാനില്ല പാര്‍ത്താല്‍.
അമ്മേ, മറിയാമേ, നന്മനിറഞ്ഞോളേ
എന്മേലനുഗ്രഹം ചെയ്യേണമേ.
അമ്മേ നമസ്ക്കാരം! സന്മനവാഹിനീ
അമ്മേ നമസ്ക്കാരമാമ്മീനാമ്മീന്‍.

8. പ്രാര്‍ത്ഥന

(ഞങ്ങള്‍ക്കുള്ള കര്‍ത്താവേ-എന്ന രീതിയില്‍)

നാഥാ, കൃപചെയ്തീടണമെ, ശുശ്രൂഷകളേറ്റീടണമെ
നിധിനിലയത്തിന്നേകണമെ, മോചനവും കനിവും വാഴ്വും.
പ്രാര്‍ത്ഥിപ്പാന്‍നിലകൊള്ളുമ്പോള്‍ സുസ്ഥിരമാക്കുക-ബുദ്ധിയെ നീ
നിന്‍ ചിന്തയ്ക്കു കടിഞ്ഞാണിട്ടനുതാപം നേടണമുള്ളില്‍.
പ്രാര്‍ത്ഥിപ്പാന്‍നിലകൊള്ളുമ്പോള്‍ നിന്നുള്ളം പതറീടരുതെ
നിന്മെയ്യാം പള്ളിക്കുള്ളില്‍ നിന്മതിഹൈക്കലയാകട്ടെ.
നിന്‍വദനം ധൂപക്കുറ്റിയ്ക്കൊപ്പം ശോഭിച്ചീടട്ടെ
നാവിഹ കാര്‍മ്മികനാകട്ടെ, ദൈവംനിന്നില്‍തെളിയട്ടെ.
സ്തുതി ഞങ്ങളിലമ്പുള്ളവനെ, സ്തുതി ഞങ്ങളെ രക്ഷിച്ചവനെ,
സ്തുതി സകലത്തിനുമുടയവനേ, നിന്‍റെമഹത്വമവര്‍ണ്യംതാന്‍.
പ്രാര്‍ത്ഥന കേട്ടീടുന്നോനെ, യാചന നല്‍കീടുന്നോനെ
നിന്‍മാതാവിന്‍പ്രാര്‍ത്ഥനയാല്‍ ഞങ്ങടെ യാചന-നല്‍കേണമെ.

9. അനുതാപകീര്‍ത്തനം-1

(നാഥന്‍ മൃതരിടയിലുറപ്പിച്ചാദത്തെ-എന്ന രീതി)

നാഥാ നിന്‍ കൃപയിന്‍വാതില്‍ തുറന്നുതരേണം
പാപിനി മറിയാമ്മിനെന്നതുപോ-ലെന്‍പേര്‍ക്കായ്
ഞാന്‍ വീഴ്ത്തും കണ്ണീര്‍ കൈക്കൊണ്ടെന്നുടയോനേ
എന്‍റെ കടങ്ങള്‍ക്കൊക്കെയുമേകേണം-പരിഹാരം.
അബറാഹ-ത്തൊടു ധനവാന്‍ പോലെ
ജലബിന്ദു-ഞാനര്‍ത്ഥിക്കായ്വാന്‍
താവക ജീവജലത്തെ സഹചരമായ് നല്‍കണമേ-
ബാറെക്മോര്‍.

ജീവന്‍ തന്‍ വഴി വിട്ടാ മറിമായത്തിന്‍
പിമ്പേ പാഞ്ഞിഹ വഴിതെറ്റിയ പള്ളാ-ടയ്യോ ഞാന്‍
നല്ലിടയാ വന്നെന്നെ നീയാരായണമെ
നിശ്ശേഷമതാം കെടുതീയ്ക്കെന്നെ നീ-വെടിയരുതേ
കുലടയോടും-ചുങ്കക്കാരനോടും
മതിയേറും-കന്യകമാരോടും
നിന്‍റെ തൊഴുത്തില്‍ പൂകിടുവാന്‍ ഭാഗ്യം... നല്‍കണമേ
മൊറിയോറാഹേമ്മേലയിനൂ ആദാറൈന്‍.
(ഉത്ഥാനത്താല്‍ തന്‍ സഭയെ-എന്ന രീതി)
ഉടയോന്‍ നാഥാ, നിന്നെ വിളിക്കുന്നയ്യോ ഞങ്ങള്‍
യാചനകേട്ടിട്ടാത്മാക്കള്‍മേല്‍ കൃപ ചെയ്താലും.
എന്നുയിര്‍ മറയുന്നെന്നെ മൃതിനിഴല്‍ ചുറ്റീടുന്നു
നാഥാ നീയെന്‍ കതിരോനാവുക നിന്‍ പ്രഭ കാണ്മാന്‍
തള്ളരുതെന്നെ മുന്തിരിവയലീന്നെന്‍മൃതിനാളില്‍
ഉത്തമനേയെന്നനുതാപത്തെ തൃക്കണ്‍പാര്‍ക്ക.
മാര്‍ഗ്ഗംതെറ്റിയോരാടിനെയാരഞ്ഞാഗതനായി
കോരിയെടുത്ത-തിനെ കാത്തൊരു ന-ല്ലിടയാസ്തുതിതേ.
വിമലാത്മാവൊടു താതനില്‍ ഗൂഢം വാഴും തനയാ
നിന്‍ മാഹാത്മ്യം കീര്‍ത്തിപ്പാന്‍ കഴിവാര്‍ക്കുണ്ടാകും?
ദേവാ, ദേവാ, മറുപടി ഞങ്ങള്‍ക്കമ്പാലേകി-
പ്പശ്ചാത്താപം മര്‍ത്ത്യാത്മാക്കള്‍ക്കുളവാക്കേണം.

10. അനുതാപകീര്‍ത്തം-2

കരുണക്കടലേ ഞാന്‍ നോക്കും
ദേവാ, തനയാ, എന്‍ പാപം പെരുകി
പിഴകള്‍ വര്‍ദ്ധിച്ചയ്യയ്യോ.
കഴുകണമെന്നെസോപ്പായാല്‍
ഏകണമെന്‍ ബാഷ്പാല്‍ വെണ്മ
പിതൃസ്നേഹത്താല്‍ യാചിക്കുന്നേന്‍ ഞാന്‍.
ഹസിക്കരുതേ എന്നെ വൈരി
തേറും നരരില്‍ ദൂതന്മാര്‍ പ്രീതന്മാരായി
തിര്‍ന്നിവ ചൊല്ലട്ടെ.
അനുതാപികളില്‍ തന്‍വാതില്‍
രാപകലിങ്ങു തുറന്നീടും ഹലേലുയ്യാ
നാഥാ സ്തുത്യന്‍ നീ-ബാറെക്മോര്‍.
എന്‍പാപത്തില്‍ ഞാന്‍ ചാകാന്‍
ഇടയാകരുതയ്യോ നാഥാ എന്‍ ബാഷ്പങ്ങള്‍
ചൊരിഞ്ഞീടുന്നിപ്പോള്‍.
അജമോ മാടോ ചെങ്ങാലിയോ
കുറുപ്രാവിന്‍കുഞ്ഞുങ്ങളെയോ കാഴ്ചയതായി
ട്ടര്‍പ്പിക്കുന്നില്ലേ.
ശെമവോന്‍ തന്‍ ഭവനേ വന്ന
പാപിസ്ത്രീപോലിരുതുള്ളി കണ്‍നീര്‍കണ്ടെന്‍
മേല്‍ ദയതോന്നണമെ.
തിരുജനകന്‍ സ്നേഹത്താലും
മാതാവിന്‍ പ്രാര്‍ത്ഥനയാലും ഹാലേലുയ്യാ
പൊറുക്കണമെന്‍ പിഴകള്‍.
മൊറിയോറാഹേമ്മേലൈനൂആദാറൈന്‍.
ഉടയോന്‍ നാഥാ, നിന്നെ വിളിക്കുന്നയ്യോ ഞങ്ങള്‍
യാചനകേട്ടിട്ടാത്മാക്കള്‍മേല്‍ കൃപ ചെയ്താലും.
കര്‍ത്താവേ നിന്‍ മോചനമതിനായ് വാഞ്ഛിക്കുന്നേന്‍
കണ്ണീരേകുക കരുണ ലഭിപ്പാനിത്തരുണത്തില്‍.
ജീവിതജീവനതാം നിന്‍ ദയവിന്നര്‍ത്ഥിക്കുന്നേന്‍
ഒഴുക്കീടണമെ കരുണക്കടലേ നിന്‍ കൃപയെന്മേല്‍
ആയുസ്സു മുഴുവന്‍ പാഴായയ്യോ അദ്ധ്വാനിച്ചേന്‍
ജീവാന്ത്യേ, ഞാന്‍ നിന്‍റേതാവാനേല്‍ക്കണമെന്നെ.
മാരകമസ്ത്രം വഞ്ചകസാത്താനെയ്തേനെന്നില്‍
സൗഖ്യദമൗഷധമെന്മേല്‍ പൂശുക ബലമുടയവനേ.
ദേവാ, ദേവാ, മറുപടി ഞങ്ങള്‍ക്കമ്പാലേകി-
പ്പശ്ചാത്താപം മര്‍ത്യാത്മാക്കള്‍ക്കുളവാക്കണമേ.

11. അനുതാപകീര്‍ത്തനം-3

(ഉടയോന്‍ നാഥാ-ഗിരിസീനാഃ എന്ന മട്ടില്‍)
എന്നുടെ രക്ഷാ-നായകനേ നാഥാ-എന്നാത്മാവിനു നീ
കാവലതായ്നിന്നീടണമെ-ഉഴലുന്നേന്‍ വഴിവിട്ടയ്യോ
മാനവ വത്സലനേ കൃപയാല്‍-പാപത്തീന്നെന്നാത്മത്തെ
കര്‍ത്താവേ-പരിരക്ഷിക്കണമെ-ബാറെക്മോര്‍.
എന്‍കര്‍ത്താവേ, എന്നുടെപാപങ്ങള്‍-ഓളംചുഴലികള്‍പോല്‍
ചുറ്റിയിരിക്കുന്നവയില്‍ ഞാന്‍-മുങ്ങിപ്പോകാതെന്നെയഹോ
തൃക്കൈ തന്നു തുണയ്ക്കണമേ.... ശുഭതുറമുഖമതിലേറ്റണമെ
പത്രോസാം-ശിഷ്യനെയെന്നോണം.
മൊറിയോറാഹേമ്മേലൈനൂആദാറൈന്‍.
യേശു പിതൃസുതനെ, ഞങ്ങളെ കാക്കണമെ
യേശു മറിയസുതാ, ഞങ്ങളെ തുണയ്ക്കണമെ
യേശു, ബലം തന്ന്, യേശു സൂക്ഷിക്ക
യേശു, ദോഷിയെ ഞങ്ങളില്‍നിന്നകറ്റണമേ
യേശു, അകൃത്യവും പാപവും മോചിക്ക
യേശു, വിധിദിവസം കരുണ തോന്നണമേ.

12. കര്‍ത്തൃപ്രാര്‍ത്ഥന

(കരുണക്കടലേ-എന്ന രീതിയില്‍)

ഞങ്ങളുടെ താതാ, വാനോനേ,
തിരുനാമം പരിപാവനമായ്ത്തീര്‍ന്നീടണമേ
വരണം നിന്‍ രാജ്യം.
നിന്നുടെ തിരുഹിതമീപ്പാരില്‍
വാനതിലെ പോലാകണമെ: അപ്പമവശ്യം
നല്‍കണമേ ഇന്നും.
അടിയാരപരര്‍ക്കെന്നോണം
ക്ഷമകടപാപങ്ങള്‍ക്കരുളുക ഞങ്ങളെയേറ്റീ-
ടരുതു പരീക്ഷയതില്‍.
ദുഷ്ടനില്‍ നിന്നും കാക്കേണം
രാജ്യമതും ബലവും സ്തുതിയും
സതതം താതാ താവകമാണാമ്മീന്‍.

13. കുര്‍ബാനാരംഭ പ്രതിവാക്യം

കര്‍ത്താവേ മൃതിരഹിതാ നിന്‍-മാതാപരിശുദ്ധന്മാരും
അര്‍പ്പിച്ചീടും പ്രാര്‍ത്ഥനയാല്‍-വാഴ്ത്തീടും നിന്നെ ഞങ്ങള്‍
കാരുണ്യത്താല്‍ മര്‍ത്യരുടെ-ജീവന്നും പരിരക്ഷയ്ക്കും
ദൈവികമാതാവാകുന്ന-പാവനകന്യകമറിയാമില്‍
ഭേദമതെന്യെമാനവനായ്-ഞങ്ങള്‍ക്കായിക്രൂശിതനാം
സ്വര്‍പ്പുരതാതൈകാത്മജനേ-വചനമതായൊരു രാജാവേ,
തവമരണത്താല്‍ ഞങ്ങളുടെ-മരണത്തെ മര്‍ദ്ദിച്ചോനെ,
ത്രിത്വത്തില്‍ സ്ഥിതിചെയ്വോനേ-തന്‍ താതനൊടും ജീവദനാം
പരിപാവനറൂഹായോടും-സ്തുതിഗീതത്തോടാരാധ്യാ,
മ്ശിഹായാകും കര്‍ത്താവേ,
ഞങ്ങളിലെല്ലാം ക-നിയേ-ണമേ.

വാഗ്ദത്ത സ്ത്രീ

(ഗാഥാരീതി)

ഏദന്‍ പൂന്തോട്ടത്തില്‍ ആദാമും ഹവ്വായും
മോദമോടാദിയില്‍ വാണകാലം
ഹവ്വായെ വന്‍പാമ്പു വഞ്ചിച്ച വേളയില്‍
സര്‍വ്വേശന്‍ കോപിച്ചു കല്പിച്ചേവം
സ്ത്രീയുടെ സന്തതി സര്‍പ്പത്തിന്‍ ശീര്‍ഷത്തെ
മായമില്ലീ മന്നില്‍ മര്‍ദ്ദിച്ചീടും.
സന്ദേഹമില്ലാ സ്ത്രീമാതാവേ, നീതന്നെ
സന്തതി ക്രിസ്തുതാന്‍: സര്‍പ്പം സാത്താന്‍.
അബ്രാഹാം സാറായീമാതാപിതാക്കള്‍ക്കു
സുപ്രിയനാമിസഹാക്കെന്നപോലെ,
എല്‍ക്കാനാഹന്നായി പുണ്യനിധികള്‍ക്കു
ചൊല്‍ക്കൊണ്ട ശാമുവേലെന്നപോലെ,
കല്യന്‍ മനോഹയ്ക്കും നല്ലോരു പത്നിക്കും
മല്ലനാം ശിംശോന്‍ താനെന്നപോലെ,
സക്കറിയായ്ക്കുമങ്ങേലിശബേത്തിനും
അഗ്രിമന്‍ യോഹന്നാനെന്നപോലെ,
ആയൂയാക്കീമിന്നും ഹന്നയ്ക്കും പുത്രിയായ്
നീയിഹലോകത്തില്‍ ജാതംചെയ്തു.
മൂന്നാംവയസ്സിങ്കല്‍ ദേവാലയം തന്നില്‍
നിന്നെ നിന്‍ ത്രാതാക്കള്‍ കാഴ്ചവച്ചു.
വീഴ്ചകൂടാതെ കണ്ടാചാര്‍ച്ചസഞ്ചയം
കാഴ്ചയപ്പം നല്‍കിപ്പോറ്റിനിന്നെ.
നീയാകും നിര്‍മ്മല മാണിക്യരത്നത്തെ
മായത്തിന്‍ മാലിന്യമെന്ന്യേ കാപ്പാന്‍
ഏല്പിച്ചാന്‍ സല്‍പ്പുമാന്‍ പുണ്യവാനെന്നെങ്ങും
ചൊല്പൊങ്ങും യൗസേപ്പിന്‍ പക്കല്‍ നിന്നെ.
ഏദനില്‍ വാഗ്ദത്തം ചെയ്തോളായ് നിന്നെത്താന്‍
മേദിനിനായകന്‍ സ്വീകരിച്ചു
പ്രാര്‍ത്ഥിച്ചു നില്‍ക്കവെ ഗബ്രിയേല്‍ മാലാഖ
വാര്‍ത്തയൊന്നോതിനാന്‍ നിന്നോടേവം
നന്മയാല്‍ സമ്പൂര്‍ണ്ണേ കര്‍ത്താവു നിന്‍കൂടെ
പെണ്മണിമാരില്‍ നീ ധന്യതന്നെ.
സംഭ്രമമെന്തിനു ദൈവകാരുണ്യത്താല്‍
സംഭവിക്കും നിന്നില്‍ പുത്രനേകന്‍.
പേരവന്നോര്‍ത്തീടില്‍ യേശുവെന്നേകേണം
പാരിലാ ബാലകന്‍ ശ്രേഷ്ഠനാകും.
ഉന്നതനന്ദനനെന്നു കൊണ്ടാടീടും
മന്നനാം ദാവീദിന്‍ ദിവ്യപീഠം
ദൈവമവന്നേകും യാക്കോബുവംശത്തില്‍
ഭാവുകത്തോടവന്‍ വാഴുമെന്നും
ആ രാജവീരന്‍റെ രാജ്യം സനാതനം
പോരായ്മയില്ലതിന്നേതുകൊണ്ടും.
ഒക്കുമിതൊക്കെയുമെവ്വിധമെന്നു നീ
തര്‍ക്കിച്ചുനിന്നപ്പോള്‍ ചൊന്നു ദൂതന്‍
അത്യന്തശുദ്ധനാം റൂഹാവരും നിന്മേ-
ലത്യുന്നതന്‍ നിന്നില്‍ വ്യാപരിക്കും.
നിന്നില്‍ പിറക്കുന്നോന്‍ ധന്യേ പരിശുദ്ധന്‍
നിര്‍ണ്ണയം ദൈവത്തിന്‍ നന്ദനന്‍ താന്‍.
ആലോലചിത്തയായ് നിന്നുനീ തല്‍ക്ഷണം
ഈലോകസംരക്ഷ ത്രാസ്സിലാടി.
സത്വര്വംസാദരമുത്തരമോതി നീ
"കര്‍ത്താവിന്‍ ദാസി ഞാന്‍ കല്പനപോല്‍."
വാനിടം മോദിച്ചു സൂനുവാമീശ്വരന്‍
മാനിനി മൗലിയാം നിന്നിലെത്തി.
താഴ്മയാലുന്നതി നേടിയ കന്യകേ
ഭൂമിയിലെന്നും നീ ഭാഗ്യവതീ.
ജാതാനന്ദം ചെന്നു നീയൊരുനാള്‍ കൊച്ചു
മാതാവാമേലിശുബായെ കാണ്മാന്‍.
നീതിയിന്‍ സൂര്യനെപ്പേറുന്നോളേകണ്ടു
ദൂതതാരത്തെപ്പേറുന്നോളോതി.
സ്വര്‍ഗ്ഗേശമാതാവെന്‍ ചാരെ വന്നീടുവാന്‍
ഭാഗ്യമെവ്വണ്ണമെനിക്കുകിട്ടി?
ഇന്നാള്‍ തൊട്ടെന്നെന്നും സര്‍വ്വവംശങ്ങളും
ധന്യയെന്നീയെന്നേ വാഴ്ത്തുമെന്നായ്
കുന്നിച്ചമോദത്താല്‍ മാതാവേ ചൊന്നു നീ
മന്നിതിലെന്നും നീ ധന്യധന്യ.
കാലത്തികവിങ്കല്‍ ദാവീദിന്‍ ദേശമാ
ബേത്ലഹേമിലൊരു കല്ലടാവില്‍
ഈശോയെ പെറ്റു നീ കീറ്റുശീലചുറ്റി
മോശമാം പുല്‍ക്കൂട്ടില്‍ താലോലിച്ചു.
കന്നിഗര്‍ഭം പൂണ്ടു പുത്രനെ പെറ്റെന്നും
നന്ദനനുണ്ടായി നമ്മള്‍ക്കെന്നും
ദര്‍ശകവീരനാമേശായായാത്മാവില്‍
ദര്‍ശിച്ച ദര്‍ശനമര്‍ത്ഥവത്തായ്!
വാനോരും വിജ്ഞരുമാട്ടിടയന്മാരും
മാനിച്ചു മാമിനിമൗലീ, നിന്നെ.
നാല്പതാം നാളതില്‍ പുത്രനെ പള്ളിയില്‍
താല്പര്യപൂര്‍വ്വം നീയര്‍പ്പിച്ചപ്പോള്‍
തങ്കകിടാവിനെ താങ്ങിക്കൊണ്ടോതിനിന്‍
ചങ്കിലൂടേറും വാളെന്നു ശീമോന്‍.
ആണ്ടുതോറും മുഖ്യദേവാലയത്തിലെ-
ക്കാണ്ടവനെക്കൊണ്ടുപോയവളെ
മാലാഖമാരുടെ നാഥനെ പോറ്റിയ
ബാലമാണിക്യമേ, നീയേധന്യ.
സൂനുവാം സര്‍വ്വേശന്‍ താവകാപേക്ഷയാല്‍
കാനാവില്‍ വെള്ളത്തെ വീഞ്ഞായ് മാറ്റി.
മല്‍പുത്രന്‍ ചൊല്‍വതു ചെയ്യുവീനെന്നൊരു
നല്പേറും ദൗത്യം നീ ലോകര്‍ക്കേകി.
നിന്നുടെ പുത്രനില്‍ വിസ്മിതിയായോരു
തന്വംഗി നിന്നെ പുകഴ്ത്തിയേവം
ശ്രീലനാമിദ്ദേഹം വാണൊരു കുക്ഷിയും
പാലുണ്ടവക്ഷസ്സും ഭാഗ്യപൂര്‍ണ്ണം!
ദൈവേഷ്ടം ചെയ്യുന്നോരേവര്‍ക്കുമാഭാഗ്യം
കൈവരുമെന്നേശു ചൊന്നിതപ്പോള്‍.
പുത്രനു ശത്രുക്കള്‍ മൃത്യു വിധിച്ചപ്പോള്‍
ഉള്‍ത്താപംമൂത്തു നീ ഞെട്ടിയില്ലേ?
ആടല്‍പെട്ടാത്മജന്‍ ക്രൂശുമായ് പോയപ്പോള്‍
മാടപ്രാവെന്നോണം നീ കേണല്ലേ?
വങ്കന്മാരീശോയെ ക്രൂശിച്ചപോതില്‍ നിന്‍
ചങ്കില്‍ കടന്നില്ലേ? ഖഡ്ഗമുഗ്രം?
അമ്മേ, മോദിക്കുക താതന്‍റെ ഭാഷിതം
ചെമ്മേ നിവൃത്തിയായ് വന്നതിനാല്‍.
സാത്താനാം സര്‍പ്പത്തിന്‍ ശീര്‍ഷത്തെ സ്ത്രീയുടെ
സത്തമപുത്രന്‍ തകര്‍ത്തുപാടേ.
"നമ്മള്‍തന്‍ ദുഷ്ക്കര്‍മ്മം തീര്‍പ്പാന്‍ മുറിവേറ്റാന്‍
നമ്മളെ രക്ഷിപ്പാന്‍ ശിക്ഷയേറ്റാന്‍."
ഇവ്വണ്ണമേശായ തന്‍ മൃതി മുന്‍നിര്‍ത്തി
പൂര്‍വ്വാഘോഷിച്ചതു സാര്‍ത്ഥകമായ്.
യേശുവാംനിന്‍ മകനെല്ലാം നിറവേറ്റി
ക്രൂശില്‍ മരിച്ചു പാതാളം പൂകി.
മൂന്നാംനാള്‍ ജീവന്‍ പൂണ്ടാദ്യമായ് നിന്‍മുമ്പില്‍
വന്നിതെന്‍ മാതാവേ, മോദിച്ചാലും
മൃത്യുവിലാണ്ടവന്‍ നിത്യമായ് ജീവിക്കും
സത്യദൈവംഃ നീയോ ദൈവമാതാ.
ക്രൂശിന്മേല്‍ യാതനയേല്‍ക്കുന്ന വേളയില്‍
ആശ്രയഹീനതയോര്‍ത്തുനിന്നെ,
ഈശോചൊന്നേല്പിച്ചാന്‍ യോഹന്നാന്‍ തന്‍പക്കല്‍
സംശയമില്ല നീ നിത്യ കന്യ.
പുത്രന്‍ വാനേറുന്നതീക്ഷിച്ചതില്ലേ നീ;
കാത്തിരുന്നില്ലേ നീ മാളികയില്‍?
ആത്മീയനല്‍വരം പ്രാപിച്ചതില്ലേ നീ;
ആത്മാഗ്നിസ്നാനം നീ കൈക്കൊണ്ടില്ലേ?
ധ്യാനവും നോമ്പും നമസ്ക്കാരചര്യയും
മാനിച്ചു പില്‍ക്കാലം നീ നയിച്ചു.
ഗത്സീമോന്‍ ഗോഗുല്‍ത്തായെന്നീസ്ഥലങ്ങളില്‍
സോത്സാഹം നീയെന്നും പ്രാര്‍ത്ഥിച്ചല്ലോ.
പത്തേഴോടഞ്ചാം വയസ്സിങ്കല്‍ നീയന്ത്യം
മൃത്യുവിന്‍ ശയ്യയിലെത്തിമന്ദം.
പുത്രനാമേശുവുമപ്പോസ്തോലന്മാരും
തത്രശുദ്ധാത്മാവാലെത്തി ശീഘ്റം
വ്യാപിച്ചുസൗരഭ്യം വെള്ളിച്ചരടറ്റു
ഭൂപന്‍റെ  പൊന്‍കിണ്ണം പൊട്ടിപ്പോയി.
അക്ഷികള്‍ പൂട്ടി നീ ദീര്‍ഘശ്വാസം വിട്ടു
നിക്ഷേപിച്ചു നിന്നെ ഗത്സീമോനില്‍.
ദൈവത്തിന്‍ മാതാവിന്‍ ഗാത്രം ജീര്‍ണ്ണിക്കാമോ?
ദൈവാത്മജന്‍പോല്‍ നീ ജീവനാര്‍ന്നു.
സ്വര്‍ഗ്ഗീയസേനയോടെത്തി സുതന്‍ നിന്നെ
സ്വര്‍ഗ്ഗത്തിലേക്കുടനാനയിച്ചു.
ഹിന്ദൂദേശത്തുനിന്നോയാറിലൂടെത്തി
ഹന്ത മാര്‍ത്തോമ്മായും കണ്ടുനിന്നെ.
നിന്നിടക്കെട്ടോടു ശോശപ്പായും വാങ്ങി
ധന്യനാം പ്രേഷിതന്‍ സാക്ഷ്യത്തിന്നായ്.
സാദ്ധ്വീ, നീയെന്നേക്കും സൗഭാഗ്യവാരിധി
മദ്ധ്യസ്ഥ പ്രാര്‍ത്ഥന ചെയ്കനിത്യം.
നിന്നില്‍ പ്രീതിപ്പെട്ട പുണ്യപിതാവിനും
നിന്നിലമര്‍ന്നോനാം നന്ദനനും
നിന്നേവിശുദ്ധയായ് കാത്തോരാത്മാവിനും
എന്നേക്കും സ്തോത്രം ഞാന്‍ ചൊന്നീടുന്നു.

No comments:

Post a Comment