(ഉടയോന്‍ നാഥാ-ഗിരിസീനാ-എന്ന രീതി)
കാതോലിക്കാ-മഹിമാസനവേദി-യ്ക്കൊളിയായ് വിലസുന്ന
വൈദിക വിദ്യാഗ്രേസരനേ! സത്യാചാരപരായണനേ!
വാനവകാന്തിയെഴും ജനകാ! നാഥാ ബാവാ തിരുമേനീ
വാണാലും നീണാളതിമോദം!
സീനായ്-മേഘ-ഗംഭീരമുഴക്കം-തങ്കലെഴും താതാ
ഓഫീര്‍ തങ്ക മനോഹരനേ! ശാരോന്‍പനിമലര്‍ സുന്ദരനേ!
ഹെര്‍മ്മോനിന്‍ പനിനിര്‍മ്മലനെ! കര്‍മ്മേല്‍മലപോലുന്നതനേ!
വാണാലും നീണാളതിമോദം.
പേര്‍ഷ്യാനാട്ടില്‍-മാര്‍ത്തോമാനട്ട-മഹിമനിറഞ്ഞോരാ-
മുന്തിരി കാണ്‍കമലങ്കരയില്‍-സുന്ദരമായ് പടരുന്നല്ലോ
അതിനെ നനച്ചു വളര്‍ത്തുന്നോ-രരുമയെഴും തോട്ടക്കാരാ
വാണാലും നീണാളതിമോദം.
ഈ സൗഭാഗ്യം കാണാന്‍ കൊതിയോടെ-വാണ മഹാത്മാക്കള്‍
ഘോരനിരാശയോടവസാനം പാരിതുവിട്ടു പരം പൂകി
ഇന്നേഴകള്‍ മിഴിയും കരളും കുളിരെക്കാണും തിരുമേനീ
വാണാലും നീണാളതിമോദം
പാരിടമെന്ന-നല്ലാരാമത്തില്‍-ചെറിയോരു കടുകുമരം!
നാലുവശങ്ങളില്‍ വീശുന്ന ശാഖകളനവധിയതിനുണ്ട്,
അതിലമരും കിളികളിലേറ്റം വിമലതപേറും കുറുപ്രാവേ!
വാണാലും നീണാളതിമോദം.
ആടുകള്‍ മദ്ധ്യേവടിയേന്തിയൊരുത്തന്‍ നിലകൊള്ളുന്നല്ലോ
പേരുപറഞ്ഞു വിളിക്കുമ്പോ-ളോരോന്നരികത്തണയുന്നു,
അവയെപ്പാലീപ്പാനുയിരും കളയാന്‍ മടിയില്ലാത്തിടയാ!
വാണാലും നീണാളതിമോദം.
ദുരിതക്കടലിന്‍-തിരയില്‍താണവരെ-കരകേറ്റും പടവേ?
ഇരുളില്‍ തെളിയും താരകമേ! മരുവിന്‍ നടുവിലെ നീരുറവേ!
മലമേലമരും നല്‍പുരമേ! മലങ്കരയുടെ മണവാളാ
വാണാലും നീണാളതിമോദം.