Saturday, 12 September 2020

ഹെര്‍മ്മോനിന്‍ പനിനിര്‍മ്മലന്‍ / സി. പി. ചാണ്ടി വെണ്ണിക്കുളം

(ഉടയോന്‍ നാഥാ-ഗിരിസീനാ-എന്ന രീതി)


കാതോലിക്കാ-മഹിമാസനവേദി-യ്ക്കൊളിയായ് വിലസുന്ന

വൈദിക വിദ്യാഗ്രേസരനേ! സത്യാചാരപരായണനേ!

വാനവകാന്തിയെഴും ജനകാ! നാഥാ ബാവാ തിരുമേനീ

വാണാലും നീണാളതിമോദം!


സീനായ്-മേഘ-ഗംഭീരമുഴക്കം-തങ്കലെഴും താതാ

ഓഫീര്‍ തങ്ക മനോഹരനേ! ശാരോന്‍പനിമലര്‍ സുന്ദരനേ!

ഹെര്‍മ്മോനിന്‍ പനിനിര്‍മ്മലനെ! കര്‍മ്മേല്‍മലപോലുന്നതനേ!

വാണാലും നീണാളതിമോദം.


പേര്‍ഷ്യാനാട്ടില്‍-മാര്‍ത്തോമാനട്ട-മഹിമനിറഞ്ഞോരാ-

മുന്തിരി കാണ്‍കമലങ്കരയില്‍-സുന്ദരമായ് പടരുന്നല്ലോ

അതിനെ നനച്ചു വളര്‍ത്തുന്നോ-രരുമയെഴും തോട്ടക്കാരാ

വാണാലും നീണാളതിമോദം.


ഈ സൗഭാഗ്യം കാണാന്‍ കൊതിയോടെ-വാണ മഹാത്മാക്കള്‍

ഘോരനിരാശയോടവസാനം പാരിതുവിട്ടു പരം പൂകി

ഇന്നേഴകള്‍ മിഴിയും കരളും കുളിരെക്കാണും തിരുമേനീ

വാണാലും നീണാളതിമോദം


പാരിടമെന്ന-നല്ലാരാമത്തില്‍-ചെറിയോരു കടുകുമരം!

നാലുവശങ്ങളില്‍ വീശുന്ന ശാഖകളനവധിയതിനുണ്ട്,

അതിലമരും കിളികളിലേറ്റം വിമലതപേറും കുറുപ്രാവേ!

വാണാലും നീണാളതിമോദം.


ആടുകള്‍ മദ്ധ്യേവടിയേന്തിയൊരുത്തന്‍ നിലകൊള്ളുന്നല്ലോ

പേരുപറഞ്ഞു വിളിക്കുമ്പോ-ളോരോന്നരികത്തണയുന്നു,

അവയെപ്പാലീപ്പാനുയിരും കളയാന്‍ മടിയില്ലാത്തിടയാ!

വാണാലും നീണാളതിമോദം.


ദുരിതക്കടലിന്‍-തിരയില്‍താണവരെ-കരകേറ്റും പടവേ?

ഇരുളില്‍ തെളിയും താരകമേ! മരുവിന്‍ നടുവിലെ നീരുറവേ!

മലമേലമരും നല്‍പുരമേ! മലങ്കരയുടെ മണവാളാ

വാണാലും നീണാളതിമോദം.

Saturday, 1 August 2020

വെളിവു നിറഞ്ഞോരീശോ ''' എഴുതിയത് കൊട്ടാരത്തില്‍ ശങ്കുണ്ണിയോ ? / ജിനു സി. ബാബു



മലങ്കര സഭയില്‍ ഇന്ന് പ്രാബല്യത്തില്‍ ഇരിക്കുന്ന കുര്‍ബാനക്രമം മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്നത് 1903 ല്‍ ആണ്.   സുറിയാനിയില്‍ നിന്നും ഭാഗീകമായി മലയാളത്തിലേക്ക് ഗദ്യരൂപത്തില്‍ മാത്രം വിവര്‍ത്തനം ചെയ്യപ്പെട്ട ആരാധന ആയിരുന്നു അത് വരെ മലയാള ഭാഷയില്‍ ഉണ്ടായിരുന്ന ആരാധനക്രമം . പാലക്കുന്നത്ത് മല്‍പാന്റെ കാലത്താണ് ഈ ഗദ്യവിവര്‍ത്തനം നടന്നത് എന്ന് കരുതപ്പെടുന്നു.  ഈ വിവര്‍ത്തനം ഭാഗീകവും അപര്യാപ്തവും ആയതിനാല്‍ പൂര്‍ണമായി പദ്യങ്ങള്‍ കൂടെ ഉള്‍പെടുത്തി കുര്‍ബാനക്രമം മലയാളത്തിലേക്ക് തര്‍ജിമ ചെയ്യണം എന്നുള്ള ആശയം രൂപപ്പെടുകയും അന്ന് മലങ്കരയില്‍ എഴുന്നെള്ളി വന്ന പരിശുദ്ധ  പത്രോസ് ത്രിതിയന്‍ പാത്രികീസ് ബാവായുടെ ആശീര്‍വാദത്തോടെ വിശുദ്ധ കുര്‍ബാനക്രമം പരിപൂര്‍ണമായി സുറിയാനി മൂലത്തില്‍ നിന്നും തര്‍ജമ ചെയ്യുന്നതിനുള്ള ഉദ്യമം മലങ്കര സഭയുടെ നിരണം ഭദ്രാസനാധിപനായിരുന്ന ചാത്തുരുത്തില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി (പരിശുദ്ധ പരുമല തിരുമേനി ) ഏറ്റെടുക്കുകയും ചെയ്തു.

പരിശുദ്ധ പരുമല തിരുമേനിയുടെ നേതൃത്വത്തില്‍ അന്നത്തെ മലങ്കര മെത്രാപോലീത്താ പുലിക്കോട്ടില്‍ തിരുമേനിയുടെ ശ്രേഷ്ഠാനുമതിയോടെ കുര്‍ബാനക്രമം തര്‍ജമ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഈ ഉദ്യമത്തിലേക്കായി പരിശുദ്ധ പരുമല തിരുമേനി മലങ്കര മല്‍പാന്‍ ആയിരുന്ന വട്ടശേരില്‍ ഗീവര്‍ഗീസ് മല്‍പാനേയും (വട്ടശേരില്‍ ദീവന്നാസിയോസ് തിരുമേനി ) കോനാട്ട് മാത്തന്‍ മല്‍പാനെയും നിയോഗിക്കുകയും ഇവര്‍ ഭംഗിയായി ആരാധനക്രമ വിവര്‍ത്തനം പൂര്‍ത്തിയാക്കുകയും ചെയ്തു.  

സുറിയാനി ഗാനങ്ങള്‍ വട്ടശേരില്‍ മല്‍പ്പാന്റെയും കോനാട്ട് മല്‍പാന്റെയും സഹകരണത്തോടെ വിവര്‍ത്തനം ചെയ്തത് മലയാള മനോരമ സ്ഥാപകന്‍ ആയിരുന്ന കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയാണ്.

 പരിശുദ്ധ പരുമല തിരുമേനി , വട്ടശേരില്‍ മല്‍പ്പാന്‍, കോനാട്ട് മാത്തന്‍ മല്‍പാന്‍, കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള എന്നിവര്‍ ചേര്‍ന്ന് വിവര്‍ത്തനം ചെയ്ത ക്യംതാ നമസ്കാരം അടങ്ങിയ കുര്‍ബാനക്രമം 1902-03 കാലഘട്ടത്തില്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു.

ഇതിലെ ഗാനങ്ങള്‍ എല്ലാം തന്നെ രചിച്ചത് കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയാണ്.  വെളിവു നിറഞ്ഞോരീശോ അടക്കം ക്യംതാ നമസ്കാരത്തിന്റെയും വിശുദ്ധ കുര്‍ബാനയുടെയും എല്ലാ ഗീതങ്ങളും രചിച്ചത് ( വിവര്‍ത്തനം ) കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള തന്നെയാണ്.  ഇക്കാര്യം 1902-03 കാലത്ത് പ്രസിദ്ധീകരിച്ച കുര്‍ബാനക്രമത്തിന്റെ ആമുഖഭാഗത്ത് വ്യക്ത്യമായി പറയുന്നുമുണ്ട്. ഗീതങ്ങള്‍ വിവര്‍ത്തനം ചെയ്ത് തുടങ്ങിയത് പരുമല തിരുമേനി ആണെന്നും പിന്നീട് അത് കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള ഗീതവിവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു എന്നും കുര്‍ബാനക്രമത്തിന്റെ ആമുഖത്തില്‍ പറയുന്നു.

അപ്പോള്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ പേര് എങ്ങനെ കടന്നു വന്നു ??.  വെളിവു നിറഞ്ഞോരീശോ കൊട്ടാരത്തില്‍ ശങ്കുണ്ണിയാണ് രചിച്ചത് എന്ന പ്രചരണം എങ്ങനെയുണ്ടായി ?? .

സത്യത്തില്‍ ഇതൊരു വ്യാജപ്രചരണം ആണ്.  വെളിവു നിറഞ്ഞോരീശോ അടക്കം എല്ലാ പാട്ടുകളും വര്‍ഗീസ് മാപ്പിള തന്നെയാണ് രചിച്ചത് എന്ന കാര്യം കുര്‍ബാനക്രമത്തിന്റെ ആമുഖത്തില്‍ നിന്നും വ്യക്തമാണല്ലോ.

എന്നാല്‍ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയുടെ സാഹിത്യരചനാ കഴിവുകളെ വിലകുറച്ചു കണ്ട ചിലര്‍ ഇത് വര്‍ഗീസ് മാപ്പിള എഴുതിയതാകാന്‍ തരമില്ല എന്നൊരു നിഗമനത്തിലെത്തുകയും അക്കാലത്ത് വര്‍ഗീസ് മാപ്പിളയുടെ സ്ഥാപനമായിരുന്ന മനോരമയുടെ ഭാഷാപോഷിണിയില്‍ ജോലി ചെയ്തിരുന്ന കൊട്ടാരത്തില്‍ ശങ്കുണ്ണിയാവാം ഇതെഴുതിയത് എന്ന അഭ്യൂഹം ഈ പാട്ടിന് ചാര്‍ത്തികൊടുക്കുകയും ആണ് ചെയ്തത്.  അങ്ങനെ കൊട്ടാരത്തില്‍ ശങ്കുണ്ണി പോലും അറിയാതെ ശങ്കുണ്ണി വെളിവു നിറഞ്ഞോരീശോയുടെ രചയീതാവായി മാറി.  ഇന്നും ഈ അഭ്യൂഹം യാതൊരു അടിസ്ഥാനവും ഇല്ലാതെ പ്രചരിപ്പിക്കപ്പെടുന്നു.

കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള മലയാള സാഹിത്യ രംഗത്ത് നല്‍കിയ സംഭാവനകളെ കുറിച്ചും അദ്ദേഹത്തിന്റെ സാഹിത്യ രചനകളെ കുറിച്ചും വലിയ അറിവില്ലാത്ത ആളുകള്‍ ആണ് ഈ ആഭ്യൂഹം നിര്‍മ്മിച്ചുണ്ടാക്കിയത് എന്ന് പറയേണ്ടതില്ലല്ലോ.  മലയാള ഭാഷാപോഷിണിയിലൂടെയും തന്റെ സ്വതന്ത്ര സാഹിത്യ രചനകളിലൂടെയും മലയാള ഭാഷാ സാഹിത്യത്തിന് ചെറുതല്ലാത്ത സംഭാവന നല്‍കിയ വ്യക്തിത്വമാണ് കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള.

മലങ്കര സഭയുടെ ആരാധനാ സാഹിത്യത്തിനും അദ്ദേഹത്തിന്റെ സംഭാവനകള്‍ നിസ്തുലമാണ്.  വെളിവുനിറഞ്ഞോരീശോയും, അന്‍പുടയോനെയും എല്ലാം എഴുതിയത് (വിവര്‍ത്തനം) ചെയ്തത് അദ്ദേഹം ആണ്.  ദയവ് ചെയ്ത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്.